കഴിഞ്ഞ ഒക്ടോബറിൽ രണ്ടായിരം പൗണ്ടിന്റെ സ്ഫോടകവസ്തു ഉപയോഗിച്ച് ഗസ്സയിലെ ജബലിയ്യ അഭയാർത്ഥി ക്യാമ്പിൽ രണ്ടു തവണയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇസ്രയേലിന്റെ പക്കലുള്ള ഏറ്റവും വലിയ രണ്ടാമത്തെ ആയുധമാണത്. നൂറ് കണക്കിനു മനുഷ്യജീവനുകളെടുക്കാനും 40 അടി താഴ്ചയിൽ വിസ്ഫോടനം തീർക്കാനും വീര്യമുള്ള ബോംബാണിതെന്ന് 'ദി ന്യൂയോർക്ക് ടൈംസ്' വ്യക്തമാക്കുന്നുണ്ട്. ആക്രമണം ആരംഭിച്ചതു മുതൽ രണ്ടു മാസത്തോളം തുടർച്ചയായി ഗസ്സയ്ക്കു മേൽ ഇസ്രയേൽ ബോംബാക്രമണം നടത്തിയിരുന്നു. മാത്രമല്ല, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമമനുസരിച്ച് ജനങ്ങൾ തിങ്ങിപ്പാർക്കുന്നിടത്ത് ഉപയോഗിക്കാൻ പാടില്ലാത്ത White Phosphorusഉം ഗസ്സ ഏറ്റുവാങ്ങേണ്ടി വന്നു.
യൂറോ-മെഡ് മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം അക്രമങ്ങളുടെ ആരംഭമാസത്തിൽ തന്നെ 25,000 ടൺ സ്ഫോടകവസ്തുക്കൾ ഗസ്സ മുനമ്പിലെ 12,000 ലധികം പ്രദേശങ്ങളിൽ ഇസ്രയേൽ നിക്ഷേപിച്ചിട്ടുണ്ട്. യു.എസ് പ്രതിരോധസേനയ്ക്ക് കീഴിലെ അമേരിക്കൻ ശാസ്ത്രജ്ഞരുടെ സംഘടനാ കണക്ക് പ്രകാരം 2000 പൗണ്ടിന്റെ mk 84 ബോംബുകളും അവർ ഉപയോഗിച്ചിട്ടുണ്ട്. ആകാശവും വെള്ളവും മണ്ണുമുൾപ്പടെ പ്രകൃതിയുടെ ജീവസ്രോതസ്സുകളിലെല്ലാം തന്നെ ഇത്തരം ബോംബ് വർഷങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല.
വെറും 41 കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഗസ്സ മുനമ്പ് ഇതിനോടകം തന്നെ നൂറ്റാണ്ടുകളായുള്ള ആക്രമണങ്ങൾക്ക് ഇരയായ പ്രതീതിയാണ്. ഇടതടവില്ലാതെയുള്ള ഇത്തരം ഇടപെടലുകൾ കാരണം അവിടുത്തെ പാരിസ്ഥിതിക അസ്തിത്വം തന്നെ നാമവശേഷമാവുകയാണ്. ഇത്തരം ബോംബുകളിലും വെടിമരുന്നുകളിലും അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ മണ്ണിലോ വെള്ളത്തിലോ അലിഞ്ഞ് ചേർന്നാൽ യുദ്ധത്തിന്റെ ഭയാനകമായ ദുരന്തസ്മാരകമായി എന്നെന്നും അത് ജനങ്ങളെ വേട്ടയാടും.
പ്രകൃതിയെ സംബന്ധിച്ചിടത്തോളം തകർന്നടിഞ്ഞ കെട്ടിടങ്ങൾ പോലും മാലിന്യമാണ്. "നാല് വർഷങ്ങളായുള്ള ആക്രമണത്തിലൂടെ സിറിയയ്ക്ക് കൈവന്ന നഷ്ടങ്ങൾക്ക് സമാനമായ സ്ഥിതിയാണ് ഗസ്സയിലെ ഒരു മാസത്തെ അക്രമത്തിനു ശേഷമുള്ള അവസ്ഥ." ജോർജ്ടൗൺ യൂണിവേഴ്സിറ്റി അറബിക് പഠനവിഭാഗം അസി. പ്രൊഫസർ മർവ ടൗഡി 'ദ ഹിന്ദു' വിനോട് പറഞ്ഞു. അത്രയേറെ ഭീതിതമായ അളവിലാണ് അവിടുത്തെ കെട്ടിടങ്ങൾ തകർക്കപ്പെട്ടത്. അതിന്റെ അവശിഷ്ടങ്ങളാൽ തെരുവ് നിറഞ്ഞുകവിയുകയാണ്. നെതർലൻഡിലെ PAX peace സംഘടനയുടെ പഠനമനുസരിച്ച് തകർന്നടിഞ്ഞ കെട്ടിടാവിശിഷ്ടങ്ങൾ നിർമാർജനം ചെയ്യാതെ കിടക്കുംതോറും അന്തരീക്ഷവുമായുള്ള രാസപ്രവർത്തനം മൂലം ശ്വാസകോശ സംബന്ധമായ അസുഖം, നെഞ്ച് വേദന തുടങ്ങിയ രോഗങ്ങൾക്കത് കാരണമാകും. ഇത്തരം വ്യാവസായിക മാലിന്യങ്ങൾ കൃത്യമായ നിർദ്ദേശനിരീക്ഷണങ്ങളിലൂടെ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് നീക്കം ചെയ്യേണ്ടത്.പക്ഷേ, 2007 മുതലുള്ള ഗസ്സയ്ക്കു മേലുള്ള ഇസ്രയേൽ ഉപരോധം മാറുന്നത് വരെ ഇത്തരം നീക്കങ്ങൾ അസാധ്യമാണ്.
ഒരുകാലത്ത് സ്ട്രോബെറി, ഓറഞ്ച്, ബദാം, തണ്ണിമത്തൻ, വഴുതന, ഒലിവ് തുടങ്ങിയ കാർഷികവിളകളാൽ സമ്പന്നമായിരുന്നു ഫലസ്തീൻ മണ്ണ്. നിലവിലെ ഇസ്രയേൽ അധിനിവേശ പ്രദേശങ്ങളുൾപ്പെടുന്ന ഫലസ്തീനിന്റെ 45 ശതമാനവും ഒലീവ് മരങ്ങളാൽ സമൃദ്ധമായിരുന്നു. America University's school of international science ന്റെ അസോ. പ്രൊഫസറായ മാലിനി രംഗനാഥൻ പറയുന്നു: "ഫലസ്തീനിനെ സംബന്ധിച്ചിടത്തോളം ഒലീവ് കേവലമൊരു കാർഷിക വിളയല്ല. ആത്മീയമായും മതപരമായും അവരുടെ ജീവിതത്തോട് ഏറ്റവും അടുത്ത് നില്ക്കുന്ന വൃക്ഷമാണത്". അധിനിവേശം തുടങ്ങിയതോടെ അത്തരം കൃഷിഭൂമികൾ ഒന്നൊന്നായി അപ്രത്യക്ഷമാവുകയാണ്. സെറ്റിൽമെന്റുകളും അതിർത്തിഭിത്തികളും റോഡുകളും തത്സാനത്ത് ഉയർന്നു നിൽക്കുന്നു. 2012ൽ പുറത്തിറങ്ങിയ "Challenging Post- conflict environments" എന്ന പുസ്തകത്തിൽ ഇസ്രയേൽ ക്രൂരതയുടെ വീര്യം മനസ്സിലാക്കാൻ തക്കവണ്ണം മറ്റൊരു കാര്യം പറയുന്നുണ്ട്. '2000-2005 ലെ രണ്ടാം ഇൻതിഫാദയുടെ സമയത്ത് ജൂതസെറ്റിൽമെന്റുകൾക്കടുത്തുള്ള ഒലീവ് മരങ്ങൾ ഒളിയാക്രമണങ്ങൾക്കുള്ള ഇടങ്ങളാണെന്ന് ആരോപിച്ച് കർഷകർക്ക് മേൽ കുറ്റം ചുമത്തി. മാത്രമല്ല അവിടെ ഉയർന്നു പൊങ്ങിയ മുഴുവൻ മരങ്ങളെയും ഒന്നൊന്നായി അഗ്നിക്കിരയാക്കുകയോ വെട്ടി നശിപ്പിക്കുകയോ ചെയ്തുവത്രേ.' ഫലസ്തീൻ കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൂട്ടലനുസരിച്ച് രണ്ടാം ഇൻതിഫാദയുടെ ആദ്യ ഘട്ടത്തിൽ തന്നെ 3.74 ലക്ഷത്തോളം ഒലീവ് മരങ്ങൾ പറിച്ചു മാറ്റപ്പെട്ടിട്ടുണ്ട്.
ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ഗവേഷണകേന്ദ്രമായ Forensic Architecture ന്റെ 2019ലെ പഠനമനുസരിച്ച് കാർഷിക വിളകൾ നശിപ്പിക്കുന്നതിനായി ഇസ്രയേൽ സേന അപ്രഖ്യാപിത കളനാശിനി പ്രയോഗം നടത്തുകയും അതുവഴി കർഷകരുടെ ഉപജീവനമാർഗ്ഗം തടയുകയും ചെയ്തിട്ടുണ്ട്. വിളവെടുപ്പ് സമയത്ത് നടത്തുന്ന ഈ കളനാശിനിയിൽ Glyphosphate, Oxyflurofen, Diuron പോലുള്ള മാരകവിഷങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ സേന തന്നെ സമ്മതിക്കുന്നുണ്ട്.
യൂറോപ്പിലെ Chemical Agency പറയുന്നു: Glyphosphate എന്നത് ജലജീവിതത്തെ നശിപ്പിക്കുന്ന പോലെ മനുഷ്യന്റെ കണ്ണുകൾക്കും അപകടം ചെയ്യും. Oxyflurofen സ്പർശിച്ചാൽ അത് കണ്ണിനെയും ചർമ്മത്തെയും സാരമായി ബാധിക്കും. സസ്യങ്ങളുടെ ഫലഭൂയിഷ്ഠിക്കു കാരണമാകുന്ന പ്രകാശസംശ്ലേഷത്തിനു വിഘാതം സൃഷ്ടിക്കലാണ് Diuron ന്റെ ദൗത്യം. ഇസ്രയേൽ നിയന്ത്രിത ഇടങ്ങളിൽ മാത്രമാണ് ഇത്തരം മരുന്നുപ്രയോഗങ്ങൾ എന്നതാണ് അവർക്കുള്ള ന്യായീകരണം. എന്നാൽ ഇത്തരം പദാർത്ഥങ്ങളുടെ വായുവിലൂടെയുള്ള സഞ്ചാരം തടയിടുവാൻ അവർക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഗസ്സയുടെ ഇടതൂർന്ന വഴികളിൽ വരെ ഇത്തരം വിഷപദാർത്ഥങ്ങളെത്തിച്ചേരുമെന്നത് തീർച്ചയാണ്. 2014 നവംബർ മുതൽ 2018 ഡിസംബർ വരെ ഗസ്സ അതിർത്തിയിലെ മുപ്പതോളം ഇടങ്ങളിൽ തങ്ങൾ ഇത്തരം മരുന്നുപയോഗിച്ചിട്ടുണ്ടന്നാണ് സൈന്യം Forensic Architectureനോട് പറഞ്ഞത്. ഗസ്സക്കാരുടെ കരങ്ങളിൽ ബലമേറിയ ഒരു വടിക്കഷ്ണം പോലും ഉണ്ടാകരുതെന്ന നിഗൂഢലക്ഷ്യമാണിതിനു പിന്നിലെന്ന് ഡോ. രംഗനാഥൻ പറയുന്നു. കുറഞ്ഞ പക്ഷം 380 Natural reserve കളും 115 ദേശീയോദ്യാനങ്ങളും ഇസ്രയേൽ നിർമ്മിച്ചിട്ടുണ്ട്. പക്ഷേ അവയെല്ലാം ഫലസ്തീൻ ഭൂമികയിൽ കൈകടത്താനുള്ള ഇസ്രയേലിന്റെ കൺകെട്ട് വിദ്യ മാത്രമാണെന്ന് എം സി മാസ്റ്റർ യൂണിവേഴ്സിറ്റി (കാനഡ) പൊളിറ്റിക്കൽ സയൻസ് വിഭാഗം 2022 ഒക്ടോബറിൽ പുറത്തിറക്കിയ ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. കാരണം ഫലസ്തീൻ-സിറിയൻ കുടുംബങ്ങൾ തിങ്ങിപ്പാർത്തിരുന്ന സ്ഥലങ്ങളിലാണ് ഇത്തരം ഉദ്യാനങ്ങളും പാർക്കുകളും മറ്റും നിർമ്മിച്ചിരിക്കുന്നത്.
ഡോ. രംഗനാഥൻ പറയുന്നു: ഫലസ്തീനിന്റെ ഒലീവ് മരങ്ങളുടെയും ഓറഞ്ച് തോട്ടങ്ങളുടെയും സ്ഥാനത്ത് യൂറോപ്യൻ പൈൻമരങ്ങൾ വെച്ചു പിടിപ്പിച്ചു തങ്ങളുടെ ക്രൂരതയുടെ തീവ്രത വർധിപ്പിക്കുകയാണ് ഇസ്രയേൽ! കാരണം പൈൻ മുള്ളുകൾ അസിഡിക് സ്വഭാവമുള്ളതാണ്. അത് ഭൂമിയിൽ വീണാൽ മറ്റിതര കാർഷിക വിളകൾ ആ മണ്ണിൽ വിളയില്ല. ഫലസ്തീനിന്റെ പരിസ്ഥിതിയെ ഈ രീതിയിൽ പിച്ചിച്ചീന്തുന്നത് കണ്ട് നില്ക്കുമ്പോൾ നാം വിശ്വസിക്കുന്ന ഒരു മിത്ത് ഉണ്ടാകാം 'ഇത്തരം പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങൾ ഫലസ്തീനിൽ മാത്രം ഒതുങ്ങി നിൽക്കും.' പക്ഷേ യാഥാർത്ഥ്യമതല്ല. അവരുപയോഗിക്കുന്ന അതേ വെള്ളവും വായുവും തന്നെയാണ് നമ്മിലും കടന്നുപോകുന്നത്. അത്കൊണ്ട് തന്നെ ഫലസ്തീനിന്റെ പ്രതിസന്ധികൾ നമ്മുടേത് കൂടിയാണെന്ന ഓർമ്മയാണ് ആത്യന്തികമായി മനുഷ്യനുണ്ടാകേണ്ടത്.
മുഹ്സിൻ വാഫി വെഞ്ഞാറമൂട്

COMMENTS